കേരളത്തിലെ തിയറ്ററുകളെ ഇപ്പോള്‍ സജീവമായി നിലനിര്‍ത്തുന്നത് യുവാക്കളാണ്. ഈ യുവാക്കളുടെ മനസ്സറിഞ്ഞു സിനിമ ചെയ്യാന്‍ സാധിച്ചു, അതാണ് വിനീത് ശ്രീനിവാസന്റെ വിജയം.

അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതുപോലെ തട്ടത്തിന്‍മറയത്ത് അസാധാരണമായ ചിത്രമൊന്നുമല്ല. മലയാളത്തില്‍ പറഞ്ഞുപഴകിയ പ്രമേയം. മുസ്ലിം യുവതിയെ പ്രണയിച്ച ഹിന്ദു പയ്യന്റെ കഥ. പക്ഷേ അത് ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥയായി പറഞ്ഞപ്പോള്‍ യുവാക്കള്‍ കയ്യടിച്ചു. ചിത്രം വന്‍ ഹിറ്റിലേക്കു ഓടുകയാണ്.
മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചെറിയ ചിത്രമൊരുക്കിയ വിനീതിന്റെ വലിയൊരു ചിത്രമാണ് തട്ടത്തിന്‍മറയത്ത്. ആദ്യചിത്രത്തിലെ യുവതാരനിരയില്‍ മിക്കവാറും എല്ലാവരും ഇതിലുമുണ്ട്. തന്റെ സമപ്രായക്കാരായ കാംപസ് വിദ്യാര്‍ഥികള്‍ എങ്ങനെ ചിന്തിക്കുന്നു, പ്രണയത്തെ അവര്‍ എങ്ങനെ കാണുന്നു എന്നെല്ലാം തിരിച്ചറിയാന്‍ തിരക്കഥാകൃത്തിനു സാധിച്ചു. അവിടം മുതല്‍ ചിത്രം കയ്യടി നേടുകയാണ്.
വടക്കന്‍ കേരളത്തിലെ സംഭാഷണങ്ങളും നാട്ടുകാരും നാടുമെല്ലാം അതുപോലെ തന്നെ ചിത്രത്തില്‍ കൊണ്ടുവന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ കേരളത്തില്‍ ഇത് എവിടെയാണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.
കോഴിക്കോട്ടുകാരന്‍ പോലും വള്ളുവനാടന്‍ ഭാഷ പറയുന്നതു കേള്‍ക്കുമ്പോഴുണ്ടാകുന്ന അലോസരം ഇവിടെയില്ല. തിരുവനന്തപുരത്തുകാരനായ എസ്‌ഐ പ്രേംകുമാര്‍ (മനോജ് കെ.ജയന്‍) മാത്രമേ അന്യനാട്ടുകാരനായിട്ടുള്ളൂ. അദ്ദേഹം മാത്രമേ തിരുവനന്തപുരം ശൈലിയില്‍ (സുരാജ് വെഞ്ഞാറമൂട് ശൈലി) സംസാരിക്കുന്നുള്ളൂ. ബാക്കിയെല്ലാം ഓനും ഓളും കലര്‍ന്ന കണ്ണൂര്‍ ഭാഷ തന്നെ. സംഭാഷണത്തിലൊന്നും കൃത്രിമത്വം കലരാതിരിക്കാന്‍ വിനീത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
No comments:
Post a Comment